കാലമെന്ന പുഴ
കാലമെന്ന പുഴ
തിരികെ ഞാനൊന്നു നടന്നിരുന്നെങ്കിൽ
മാറ്റാനല്ലയൊന്നും, മറിച്ച് വീണ്ടും-
അറിഞ്ഞതൊക്കെയും ആഴത്തിലൊന്നുകൂടി
അനുഭവിച്ചറിയാൻ മാത്രമായ് വിണ്ടും...
അമ്മതൻ പുഞ്ചിരി കണ്ടുനിൽക്കാൻ മാത്ര-
മൊരു കുഞ്ഞായി വീണ്ടും പിറന്നിരുന്നെങ്കിൽ!
താലോലമാടാൻ മടിയിൽ കിടന്നുകൊണ്ട്,
ആ സ്നേഹമന്ത്രം നുകർന്നിരുന്നെങ്കിൽ!
പഴയൊരാ പാഠശാലാ മുറ്റത്തന്ന്
പിരിഞ്ഞുപോയൊരാ ചങ്ങാതിക്കൂട്ടത്തെ,
കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുവട്ടം-
ആ തമാശകളിൽ മുഴുകാമായിരുന്നു!
മക്കളോടൊപ്പം കളിച്ചുല്ലസിക്കുവാനും,
നൽകാൻ മറന്ന സ്നേഹം പകരുവാനും,
ആയുസ്സിലല്പം കൂടി മിച്ചമുണ്ടെങ്കിൽ-
ആർദ്രമായീ ലോകത്തോട് ചേരാമായിരുന്നു!
ജീ ആർ കവിയൂർ
23 04 2026
(തിരുവല്ല, കവിയൂർ)
Comments