ഒരു ആശ്വാസം

 ഒരു ആശ്വാസം




ഏഴു കടൽ കടന്നെത്തിയ ഇടത്തൊരു-
അട തിന്നാമെന്നു കരുതി ഞാൻ
'ക്യാനിൽ' അടയോ? അയ്യോ അല്ല കാനഡ!
ഇലവാട്ടി ചുട്ടൊരടയുടെ മണം-
ഈ കാനഡക്കാറ്റിൽ തിരഞ്ഞു ഞാൻ.

വന്നു കുറച്ചു നാൾ തേടിയലഞ്ഞു,
അവസാനം പല വാരാന്ത്യങ്ങൾ
മകളോടൊപ്പം മാളുകളിൽ-
മാലില്ലാതെ ഡോളർ കിലുക്കങ്ങൾ...

മഞ്ഞ ഇലകൾ പൊഴിയുന്ന കാലവും
മഞ്ഞിൻ്റെ വരവും ഒക്കെക്കൂടെ,
മങ്ങിയ വെളിച്ചവുമിരുളേറെ-
മണിക്കൂറുകൾ നീളുന്ന വ്യത്യാസം.

ഒടുവിൽ മടങ്ങാനൊരുങ്ങുമ്പോൾ,
ആ കട കണ്ടു മെല്ലെ അടുത്തു പോയി
ഒപ്പം അടയുടെ കാര്യം ചോദിച്ചു...
ഒട്ടും മടിക്കാതെ വാങ്ങി കഴിക്കവേ-
കടക്കാരൻ ചൊല്ലി തമിഴും മലയാളവും!

ഹോ! എന്തൊരു സന്തോഷം, പറയാതെ വയ്യ...
മഷി പടരും ഉള്ളിൽ നിന്നു കവിത കിനിഞ്ഞു.
അന്യദേശത്തെ തണുപ്പിലും ഉള്ളിൽ-
അമ്മമലയാളം തന്നൊരു ചൂടുണ്ട്!

ഇനി അഞ്ചു പകൽ കൂടി... അക്കരെയെത്തുമ്പോൾ-
മണ്ണിൽ തൊട്ടു ഞാനൊന്നു വണങ്ങീടും,
മലയാളം പെയ്യുന്ന നാട്ടിലേക്ക് മടങ്ങാം-
എന്നൊരാശ്വാസം... മനസ്സിൻ വിശ്വാസം!

ജി ആർ കവിയൂർ 
05-04-2026
(കാനഡ, ടൊറൻ്റോ)


*********************************
കവിതയുടെ പശ്ചാത്തലം

ഈ കവിത വെറുമൊരു യാത്രാവിവരണമല്ല, മറിച്ച് ദൂരദേശത്തിരുന്നുള്ള ഒരു പ്രവാസിയുടെ ഗൃഹാതുരത്വമാണ്. കാനഡ എന്ന പേരിനെ ഒരു കവിയുടെ കൗതുകത്തോടെ നോക്കിക്കണ്ടപ്പോൾ അതിൽ മലയാളിയുടെ പ്രിയപ്പെട്ട പലഹാരമായ 'അട' (Ada) ഒളിഞ്ഞിരിക്കുന്നത് ഞാൻ കണ്ടെത്തി. 'Can-Ada' എന്ന വാക്കിൽ ഒരു 'അട' ഉണ്ടല്ലോ എന്ന കൗതുകത്തിൽ നിന്നാണ് ഈ വരികളുടെ തുടക്കം.
നാട്ടിലെ ഇലയടയുടെ രുചി തേടി അലയുന്ന മനസ്സ്, ടൊറന്റോയിലെ തണുപ്പിലും മഞ്ഞുവീഴ്ചയ്ക്കിടയിലും മാതൃഭാഷയ്ക്കായി കൊതിക്കുന്നു. ഒടുവിൽ ഒരു മാളിലെ ചെറിയ കടയിൽ വച്ച് അപ്രതീക്ഷിതമായി മലയാളവും തമിഴും കേൾക്കുമ്പോൾ അനുഭവപ്പെടുന്ന ആ വലിയ ആശ്വാസമാണ് ഈ കവിതയുടെ ജീവൻ.
അന്യനാട്ടിലെ തണുപ്പിനേക്കാൾ മാതൃഭാഷയുടെ ചൂടിന് കരുത്തുണ്ടെന്നും, ഇനി അഞ്ചു ദിവസങ്ങൾക്കപ്പുറം മലയാളം പെയ്യുന്ന സ്വന്തം മണ്ണിലേക്ക് മടങ്ങാമെന്നുമുള്ള ശുഭപ്രതീക്ഷയോടെയാണ് ഈ വരികൾ അവസാനിക്കുന്നത്.






Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത