ജീവിതകാണ്ഡം — ആത്മാവിന്റെ കുറിപ്പുകൾ
ജീവിതകാണ്ഡം — ആത്മാവിന്റെ കുറിപ്പുകൾ
ഉയിരിട്ട മോഹങ്ങൾ ഉള്ളിൽ ഒതുക്കി,
ഉണർവിൻ്റെ നാട്ടിലേക്ക് സ്വപ്നങ്ങളുടെ
ഉയിരിനെ തേടി ഞാൻ മെല്ലെ യാത്രയായി
ഉള്ളിലുള്ളത് പുറത്തു പറയുവാനാകാതെ.
കൈകലാശങ്ങൾ കൊണ്ട് നാൾ കഴിച്ചു,
കൈക്കരുത്തുകൾ കണ്ടും കൈവിരുതിൻ്റെ
കാര്യങ്ങൾ സ്വാക്തമാക്കി… തന്റെതെന്ന് കരുതി
ചേർത്തുവച്ചതൊക്കെ കൈവിട്ടുപോയി.
കാലങ്ങളുടെ കുത്തൊഴുക്കിൽ പെട്ട്,
കാമിനിയവൾ കൈപിടിച്ചാരോടൊപ്പം
കഴിയുന്ന കഥകൾ അറിഞ്ഞുകൊണ്ട്
തൂലികയെ, കവിതയെ, പരിണയിച്ചു—വിങ്ങും മനസോടെ.
കാതങ്ങൾ താണ്ടി കടൽ കടന്ന്, വീണ്ടും
കയിപ്പിൻ്റെ ജീവിത സത്യങ്ങൾ അറിഞ്ഞുകൊണ്ടും,
കയങ്ങളിൽ നീന്തി മുന്നേറിയപ്പോൾ മനസ്സിലായത്—
കായത്തിൻ്റെയും മനസിൻ്റെയും സംഘർഷണം.
കാട്ടിത്തന്നതും കഴുത്ത് നീട്ടി ചേർന്ന പെണ്ണിൻ്റെ
കരവലയത്തിൽ ഒതുങ്ങി ഞാൻ
ഇമ്പമാർന്ന ഗാനമായി കുടുംബമെന്ന
ശ്രീകോവിലിൽ ശാന്തമായി കഴിയുന്നു.
മക്കളും മരുമക്കളും കൊച്ചു കൊച്ചു
മെരുക്കുവാനാകുന്ന സ്വപ്നങ്ങളുമായി;
കൊച്ചു മക്കളുടെ പിച്ചവച്ചുള്ള കളികളിലൂടെ
താരാട്ടെഴുതി പാടി ദിനങ്ങൾ നിറയുന്നു.
കണ്ണുനനഞ്ഞ വഴികളിൽ കാലചക്രം തിരിയവേ,
മാധുരിമകളും മങ്ങിക്കളഞ്ഞാലും,
കരുണാനിധിയായ ദൈവനിലാവിൻ കീഴിൽ
കാത്തിരിക്കുന്നു ഞാൻ നിത്യശാന്തതയ്ക്കായി.
പൂർണ്ണമന്ത്രങ്ങളുടെ നിശ്ചലനാദംപോലെ,
പൂർണോദയംപോലെ മനസിൽ മൗനം തെളിയുന്നു.
ജീവിതയാത്രയുടെ തിരമാലകൾ തീരത്തെ തഴുകി
പുണ്യമഴപോലെ ആത്മാവിനെ നനക്കട്ടെ.
ഇനി പ്രാർത്ഥനമാത്രം— അന്ത്യവേളയിൽ,
ആ ശൂന്യതയിൽ സാവധാനം ലയിക്കാനായ്;
ഒരുറങ്ങലായി, ഒരു ദീപശിഖപോലെ,
അല്പം അല്പമായി ലോകത്തെ വിട്ടുയർന്ന്
ശാശ്വതാനന്ദത്തിലേക്ക് ചേരുന്ന യാത്ര മാത്രം.
ജീ ആർ കവിയൂർ
29 11 2025
(കാനഡ , ടൊറൻ്റോ)
Comments