അക്ഷര രൂപിണി....

Aksharangal - Pravasabhumi

 അക്ഷര രൂപിണി....



അരുണ കിരണങ്ങളുണരും മുമ്പേ

അണയുന്നൊരാവേശമായ് നീ 

അഴലിന്റെ ആഴങ്ങളിൽ നിന്നും 

അകറ്റി നീ അണയ്ക്കുന്നു നെഞ്ചോട് 


ആരവമായ് ആത്മരാഗങ്ങളായ് 

ആലാപന മധുര ധ്വനിയായ് 

ആലോലമായ് ആറാടുന്നു 

ആനന്ദാനന്ദമായ് ആശ്വാസമായ് 


ഇമചിമ്മിത്തുറക്കും നേരത്തിനുള്ളിൽ 

ഇഴകൾ പാകി വർണ്ണങ്ങൾ തീർക്കുന്നു 

ഇമ്പമായി വാക്കുകൾ വരികളുടെ 

ഇഷ്ടം പോലെ നൃത്തമാടുന്നു  നിത്യവും 


ഈക്കിത്തൊള്ളായിരം രീതികളാൽ 

ഈക്ഷണം വിടരുന്നു കാഴ്ചകളിൽ 

ഈശനുടെ  അനുഗ്രഹത്താലീവിധം 

ഈണം പകർന്നു പാടാനൊരുങ്ങുന്നു 


ഉദാത്ത ചിന്തതൻ വഴിയൊരുക്കി 

ഉൻമാദമെന്നോ ഉൾപുളകമെന്നോ 

ഉൽപ്രേക്ഷയെന്നോ ഉപമയെന്നോ 

ഉക്തപദങ്ങളില്ലാതെ അണയുന്നു 


ഊനമില്ലാതെ ഊടുംപാവുമൊരുക്കുന്നു 

ഊനമാനമില്ലാതെയിങ്ങനെ വന്നു 

ഊഹാ പോഹങ്ങളില്ലാതെയെന്നും   

ഊട്ടുന്നു അക്ഷര സദ്യകൾ രുചികരം  


ഋക്ഷരമാം നിൻ വരവുകളെപ്പോഴെന്നറിയില്ല 

ഋജുവായി വന്നു നീയെൻ വിരൽ തുമ്പിൽ 

ഋജ്വിയായ് വന്നു കളിയാടുന്നുയെന്തു ചന്തം 

ഋണമെല്ലാമെങ്ങിനെ തീർക്കും നിന്നുടെ


ൠ വിൽ നീ വന്നീടുന്നു അനവരതം

ഌ ഭാവത്താൽ നിന്നെ പൂജിക്കുന്നു

ൡ ആയി നിത്യം ധന്യമൂട്ടുന്നു എന്നെ 

എത്ര പറഞ്ഞാലുമൊടുങ്ങില്ല പിന്നെ


എഴുതിയാലും തീരില്ല നീ തരും 

എണ്ണിയാലോടുങ്ങാത്ത വാക്കുകളാൽ

എപ്പോഴും നിഴലായി തണലായി

എന്നും നീ വന്നു എന്നിൽ നിറയുക

 

ഏകാന്തതയുടെ കൂട്ടുകാരി നിന്നെ

ഏഷണിക്കാരൊക്കെ വന്നു അകറ്റാൻ

ഏറിയ ശ്രമങ്ങൾ നടത്തുകിലും നീ

എഴുത്താണിത്തുഞ്ചത്ത് ഉണ്ടാവണേ


ഐകദൃം നീങ്ങും നിന്നുടെ സാമീപ്യത്താൽ 

ഐശ്വര്യമുള്ളവനായി മാറുന്നു എന്നും 

ഐഷണികത്തിൽ തൂക്കിയാലും തീരില്ല

ഐവ എന്തു ചേലാണ് നീയെന്നിൽ 


ഒറ്റക്കിരിക്കുമ്പോഴൊക്കെ നീ

ഓടിയെത്തുമ്പോൾ നിറയുന്നതു

ഓർമകളുടെ ഏടുകളിൽ നിന്നും

ഓജസ്സു തീർക്കുന്നു ഓഷധം പോലെ


അമ്മിഞ്ഞ പോലോളം അമൃതമല്ലോ

അംമുണ്ണാൻ നിത്യം അമ്മയ്ക്കും അപ്പുറം

അംശമായിയരികത്തെപ്പോഴും 

ആ മുതൽ അം വരെ നീയുണ്ടാവാണം എൻ കവിതെ ..!!


ജീ ആർ കവിയൂർ

10.08.2020.


==========================================================================  

പദാർത്ഥം സൂചിക 


ഈക്കിത്തൊള്ളായിരം = തിട്ടപ്പെടുത്താൻ ആവാത്ത വലിയ സംഖ്യ 

ഈക്ഷണം = കാഴ്ച , നോട്ടം 

ഉക്തപദങ്ങളില്ലാതെ = ഒരു വാക്യദോഷം ,പദ്യത്തിൽ ഒന്നിലധികം  തവണ ഒരേ പദം ഉപയോഗിക്കൽ .

ഊനമാനമില്ലാതെ = കുറച്ചിൽ , കുറഞ്ഞു പോയ മാനം 

ഋക്ഷര = ഒഴുക്ക് 

ഋജുവായി = നേരായുള്ള , വക്രമല്ലാത്ത 

ഋജ്വിയായ് = നേർവഴിക്കു നടക്കുന്നവൾ 

ൠ =ഓർമ്മ ,ഭയം, കരുണ 

ഌ =സ്ത്രീ 

ൡ = അമ്മ 

ഐകദൃം = ഉടനെ ,ഒരുമിച്ചു 

ഐഷണികത്തിൽ = തുലാസ് 

ഐവ = അതെ അതെ , സന്തോഷം സമ്മതവും സൂചിപ്പിക്കുന്ന പ്രയോഗം 


picture credit to pravasabhumi.com 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “